താമരക്കുളം ശ്രീ ശങ്കരനാരായണ ആവടയമ്മന്‍ കോവില്‍

ദര്‍ശനം

ദര്‍ശനരീതി

തമിഴ്‌ ദ്രാവിഡ സംസ്ക്കാര തനിമയുടെ മൂര്‍ത്തികളാണ്‌ ആവടയമ്മയും വീരഭദ്രനും നാഗത്താനുമൊക്കെ. ആര്യ-ദ്രാവിഡ സംസ്ക്കാരത്തിന്റെ സമന്വയമാണ്‌ ശങ്കരനാരായണ മൂര്‍ത്തി. സമസ്ത കലിയുഗ ദോഷങ്ങളെയും ഉന്‍മൂലനം ചെയ്യുന്ന ശാസ്താവും, സര്‍വ്വ വിഘ്നവിനാശകനുമായ ഗണപതിയും ഒരൊറ്റ ശ്രീകോവിലിലാണ്‌. കുലപ്പെരുമയെ ഈശ്വരങ്കലര്‍പ്പണം ചെയ്ത ഗുരുമൂര്‍ത്തിയും ചേര്‍ന്ന്‌ സച്ചിദാനന്ദ ലഹരി പടര്‍ത്തി ചിന്‍മയമാക്കുന്നു ക്ഷേത്ര അന്തരീക്ഷം. ഒറ്റ കാഴ്ചയില്‍ തന്നെ ധ്യാനനിമഗ്നമാക്കുന്ന ഏകാന്ത-ശാന്തമായ അന്തരീക്ഷമുണ്ട്‌ ക്ഷേത്രത്തിന്‌. മാസ പൂജകള്‍ സ്വീകരിച്ച്‌ ചൈതന്യം വിടര്‍ത്തി നില്‍ക്കുന്ന ഒരോ വിഗ്രഹങ്ങളും ഭക്തനെ നരകജീവിതത്തിന്റെ കാണാക്കയങ്ങളില്‍ നിന്നും കയ്യ്‌ പിടിച്ചേറ്റുമെന്നതില്‍ സംശയമൊന്നുമില്ല. ഈശ്വരചൈതന്യം ഇതള്‍ വിരിഞ്ഞ്‌ സുഗന്ധം പടര്‍ത്തുന്ന ക്ഷേത്ര മതില്‍ക്കകത്തേയ്ക്ക്‌ എത്തുമ്പോഴേക്കും ഭക്തന്റെ ഉള്ളിലും ഗഹനമായൊരു ആത്മീയത ഇതള്‍ വിടര്‍ത്തും.

ചന്ദാനാദിഗദയിലും, ചൂരലിലും പാവനമായ സങ്കല്‍പ പ്രതിഷ്ഠ നടത്തിയിരുന്നു പ്രചീനതയില്‍ നമ്മുടെ പൂര്‍വ്വീകര്‍. കാലക്രമത്തില്‍ കൃത്യമായി പറഞ്ഞാല്‍ 4-2-2004 ലാണ്‌ ക്ഷേത്രം ശ്രീകോവിലും പൂജാ വിഗ്രഹങ്ങളും ഉള്‍പ്പെടെ ഒരു പുന:പ്രതിഷ്ഠ നടന്നത്‌. തദ്ദിന സ്മരണയാണ്‌ മകര പുണര്‍തം നാളിലെ പൊങ്കാല ഭക്ത മനസ്സില്‍ എത്തിക്കുന്നത്‌. പുന:പ്രതിഷ്ഠ ക്ഷേത്ര ഭാരവാഹികളെ സംബന്ധിച്ച്‌ ഏറെ ക്ളേശകരമായ കാര്‍മ്മം തന്നെയായിരുന്നു. ധനപരമായും ശ്രമപരമായും ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ്‌ പരിശ്രമശാലികളായ ആ മഹത്‌വ്യക്തികള്‍ ഇന്നീ കാണും വിധം ക്ഷേത്രത്തെ പുതുക്കി എടുത്തത്‌.

പുന:പ്രതിഷ്ഠയോടനുബന്ധിച്ച്‌ പൂര്‍വ്വ പിതാക്കളുടെ മോക്ഷാര്‍ത്ഥം 7 ദിവസം നീണ്ടു നിന്ന പിതൃപൂജയും തിലഹവനവും നടത്തി, മോക്ഷം ലഭിയാതിരുന്ന പിതൃക്കളെ ആവാഹിച്ച്‌ വര്‍ക്കല ശ്രീ ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിലെ പാപനാശിനിയില്‍ ഒഴുക്കി അനുഗ്രഹം നേടി. പൂര്‍വ്വ പിതാക്കളുടെ സന്തോഷപൂര്‍ണ്ണമായ അനുഗ്രഹഫലം കൂടിയാണ്‌ ഭാരിച്ച ചിലവുകള്‍ ഉണ്ടായിട്ടും ഭക്തരുടെ അകമഴിഞ്ഞ സഹായത്താല്‍ ക്ഷേത്ര പുനരുദ്ധാരണം സാധ്യമായത്‌. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ നമ്മുടെ ക്ഷേത്രത്തിന്റെ ഉദ്ധാരണത്തിനായി ചെയ്യേണ്ടതായിട്ടുണ്ട്‌. സര്‍വ്വോപരി ഭക്തരുടെ സാന്നിദ്ധ്യവും ആവശ്യമാണ്‌. ഭക്തരാണല്ലോ ക്ഷേത്രത്തെ ക്ഷേത്രമാക്കുന്നത്‌. വിശിഷ്ഠരായ ഭക്തര്‍ ഉണ്ടാകട്ടെ നമ്മുടെ കുലത്തില്‍ എന്ന്‌ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്‌. അതിലൂടെ പൂര്‍വ്വ പിതാക്കളുടെ ആഗ്രഹവും ധാര്‍മികതയും നിലനില്‍ക്കട്ടെയെന്ന്‌ പ്രാര്‍ത്ഥിക്കുന്നു.

കവാട സോപാനം തൊട്ടു തൊഴുത്‌ ക്ഷേത്രപ്രവേശനം ചെയ്ത്‌ ദേവതയെ ദര്‍ശിച്ച്‌ ഇടതു വശത്തുകൂടി വലത്തേക്ക്‌ പ്രദക്ഷിണം ചെയ്ത്‌, നമസ്ക്കാരം ചെയ്ത്‌, ജപം ചെയ്ത്‌, തീര്‍ത്ഥ സ്വീകരണം നടത്തി പുറത്ത്‌ പോകണമെന്നാണ്‌ എല്ലാ ക്ഷേത്രങ്ങളിലേയും സാമാന്യ ആചാരരീതി.

നമ്മുടെ ക്ഷേത്രത്തില്‍ പ്രവേശിച്ച്‌ ഗുരുവന്ദനമാണ്‌ ആദ്യം ചെയ്യേണ്ടത്‌. ഒഴുക്ക്‌ ശിലയില്‍ പ്രതിഷ്ഠിതമായ ഗുരു സങ്കല്‍പത്തെയാണ്‌ ഭക്തര്‍ ആദ്യം വണങ്ങേണ്ടത്‌. തുടര്‍ന്ന്‌ പ്രധാന പ്രതിഷ്ഠയായ ശങ്കരനാരായണമൂര്‍ത്തിയെ തൊഴുത്‌ ഇടത്തേയ്ക്ക്‌ നീങ്ങീ വീരഭദ്രസ്വാമിയെ ദര്‍ശിച്ച്‌, ഗണപതി ശാസ്താ പ്രതിഷ്ഠയ്ക്കു മുന്നില്‍ വണങ്ങി, നാഗോധര്‍മ്മ ദൈവതം എന്നു മനസ്സില്‍ ഉറച്ച്‌ കന്നിമൂലയിലൂര്‍ദ്ധ്വസ്ഥാനത്ത്‌ വിരാജിക്കുന്ന നാഗ പ്രതിഷ്ഠയെ വണങ്ങി വലത്തോട്ടു നീങ്ങി ആവടയമ്മയെ ദര്‍ശിച്ച്‌ വണങ്ങി തിരികെ ശങ്കരനാരായണ മൂര്‍ത്തിക്കുമുന്നില്‍ എത്തുന്നതോടെ ഒരു പ്രദക്ഷിണം പൂര്‍ത്തിയാകുന്നു.

പ്രദക്ഷിണം
പ്രദക്ഷിണം എന്ന വാക്കിന്‌ ദക്ഷിണം പ്രതി (വലത്തോട്ട്‌) പ്രഹര്‍ഷേണ ദക്ഷിണം പ്രതി (സന്തോഷത്തോടെ വലത്തോട്ട്‌) എന്നുമൊക്കെ അര്‍ത്ഥം. സന്തോഷത്തോടെ യഥാവിധി ഇടത്തുനിന്നും വലത്തേയ്ക്കുള്ള യാത്രയാണ്‌ പ്രദക്ഷിണം.

നമസ്ക്കാരം
ഈശ്വരനെ വണങ്ങലാണ്‌ നമസ്ക്കാരം. എന്നിലെ ആത്മചൈതന്യത്തിനും അധിപനായ അങ്ങയെ സര്‍വ്വശക്തനായി ഞാന്‍ തിരിച്ചറിയുന്നു, ഞാന്‍ അങ്ങയില്‍ ശരണം പ്രാപിക്കുന്നു. എന്നൊക്കെയുള്ള ഭക്തന്റെ നിവേദനമാണ്‌ നമസ്ക്കാരം. രണ്ടു കൈകളും നന്നായി ചേര്‍ത്തു ഹൃദയത്തിനും ഈശ്വരനും അഭിമുഖമായി പിടിച്ചുകൊണ്ടുള്ള നമസ്ക്കാരം ഈശ്വരന്‌ നമ്മുടെ മനസ്സിലേയ്ക്കുള്ള രാജവീഥിയൊരുക്കുകയാണ്‌ ചെയ്യുന്നത്‌. ആത്മജ്ഞാനമുള്ള വ്യക്തിക്കെ മറ്റൊരു വ്യക്തിയെ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. ആ വ്യക്തിയ്ക്ക്‌ മറ്റൊരാളെ തനിക്കു സമനായോ തന്നേക്കാള്‍ ഉയര്‍ന്നവനായോ അംഗീകരിക്കാന്‍ കഴിയു. അത്തരത്തില്‍ ആത്മജ്ഞാനമുള്ള ശുദ്ധനായ വ്യക്തിയ്ക്കേ മറ്റൊരാളെ നമസ്ക്കരിക്കാനുള്ള ഹൃദയവിശാലതയുണ്ടാകുകയുള്ളു. ശരീരത്തിനകത്തും പുറത്തുമുള്ളത്‌ ഒരേ ചൈതന്യമാണെന്നും രണ്ടിനേയും ഒരു പോലെ കണ്ടു വണങ്ങുന്നുവെന്നുമുള്ള തിരിച്ചറിവാണ്‌ ഈ വന്ദനം. വിരലുകള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ തലച്ചോറില്‍ നിന്ന്‌ പ്രാണോര്‍ജ്ജം ശരീരമാസകലം പ്രസരിപ്പോടെ വ്യാപിക്കുന്നതാണെന്ന്‌ മനസ്സിലാക്കുക.

പ്രതിഷ്ഠയ്ക്കഭിമുഖമായി ആളൊഴിഞ്ഞ ഭാഗത്ത്‌ ശരീരത്തിലെ എട്ടംഗങ്ങള്‍ (എട്ടു ഭാഗങ്ങള്‍) നിലത്തു മുട്ടികിടന്നു ചെയ്യുന്ന മറ്റൊരു നമസ്ക്കാരമാണ്‌ സാഷ്ഠാംഗനമസ്ക്കാരം അഥവാ ദണ്ഡനമസ്ക്കാരം (ശിരസ്‌, നെഞ്ച്‌, കൈപ്പത്തികള്‍, കാലടികള്‍, കാല്‍മുട്ടുകള്‍) ഈദണ്ഡനമസ്ക്കാരം സ്ത്രീകള്‍ക്ക്‌ നിഷിദ്ധമാണെന്നാണ്‌ ഋഷിമതം. സ്ത്രീകള്‍ക്ക്‌ പഞ്ചാംഗ നമസ്ക്കാരമാണ്‌ വിദിതമായിട്ടുള്ളത്‌. തല രണ്ട്‌ കൈകള്‍ രണ്ട്‌ കാല്‍മുട്ടുകള്‍ എന്നി അംഗങ്ങള്‍ ഭുമിയില്‍ സ്പര്‍ശിക്കുമാറ്‌ വീണു വണങ്ങുന്നു. പഞ്ചാംഗ നമസ്ക്കാരം സ്ത്രീകള്‍ക്ക്‌ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.

ശ്രീകോവിലിനു നേര്‍ക്കുനേര്‍ നിന്ന്‌ സ്ത്രീകള്‍ നമസ്ക്കരിക്കരുത്‌, വന്ദിക്കുകയുമരുത്‌, മുപ്പത്ഡിഗ്രിയെങ്കിലും ചെരിഞ്ഞു നിന്നുവേണം പ്രതിഷ്ഠാദര്‍ശനം നടത്താന്‍ കാരണം വിഗ്രഹത്തില്‍ നിന്നുള്ള അതിശക്തമായ ഊര്‍ജപ്രവാഹത്തെ സ്വീകരിക്കാന്‍ സ്ത്രീ ശരീരത്തിന്‌ ശക്തികുറവാണ്‌ എന്ന കാര്യവും ഗ്രഹിക്കേണ്ടതാണ്‌. കിഴക്ക്‌ പടിഞ്ഞാറ്‌ ദര്‍ശനമുള്ള സന്നിധികളില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വടക്കോട്ടും, വടക്ക്‌ തെക്കുഭാഗങ്ങളിലേക്ക്‌ ദര്‍ശനമുള്ള സന്നിധികളില്‍ കിഴക്കോട്ടും അഭിമുഖമായി നമസ്ക്കരിക്കണം.

ജപം
ഓരോ ക്ഷേത്രത്തിലും ഓരോ മൂര്‍ത്തികള്‍ക്ക്‌ വിധിപ്രകാരമായ ദേവതാധ്യാനം വിദിതമാണ്‌. ആ ധ്യാനമോ, ദേവതാകീര്‍ത്തനമോ ഏകാഗ്രതയോടുകൂടി ചൊല്ലലാണ്‌ ജപം. ജപമല്ലാതൊരു ശബ്ദവും ക്ഷേത്രത്തിനുള്ളില്‍ പാടില്ലെന്ന നിര്‍ദ്ദേശവും പണ്ഡിതര്‍ മുന്നോട്ടുവയ്ക്കുന്നു.

തീര്‍ത്ഥ സ്വീകരണം
ഈശ്വരന്റെ പൂജാശേഷമുള്ള ഉച്ഛിഷ്ഠമാണ്‌ പ്രസാദവും, തീര്‍ത്ഥവുമൊക്കെ. അത്‌ സ്വീകരിച്ച്‌ ധാരണം ചെയ്യുന്നതൊടെ നമ്മള്‍ മൂര്‍ത്തിയുടെ മുന്നില്‍ അശുദ്ധരായി മാറുന്നു എന്നതാണ്‌ വാസ്തവം. അതിനാല്‍ ദര്‍ശനവും ജപവുമെല്ലാം കഴിഞ്ഞുവേണം തീര്‍ത്ഥം സ്വീകരിക്കാന്‍ പിന്നീട്‌ ക്ഷേത്രത്തിനുള്ളില്‍ നില്‍ക്കരുത്‌ എന്നാണ്‌ വിശ്വാസം. തീര്‍ത്ഥം നേരിട്ട്‌ തലയില്‍ തളിക്കാവുന്നതാണ്‌. സ്വയം പാനം ചെയ്ത ബാക്കി യാതൊരു കാരണവശാലും തലയില്‍ തൂവുകയോ മറ്റുള്ളവരുടെ മേല്‍ വീഴിക്കുകയോ ചെയ്യരുത്‌. ചന്ദനാദികളായ പ്രസാദങ്ങള്‍ നാം തൊട്ടശേഷം ശ്രീകോവിലിന്റെ ഭിത്തിയില്‍ പതിപ്പിക്കരുത്‌.

പേര്
മൊബൈല്‍
ഇമെയില്‍
സന്ദേശം

സന്ദര്‍ശന സമയം : എല്ലാ മലയാള മാസവും ഒന്നാം തീയതി രാവിലേ 5:00 മുതല്‍ 9:30 വരെ. വൈകുന്നേരം 6:00 മുതല്‍ 7:30 വരെ
© Copyright All rights reserverd by താമരക്കുളം ശ്രീ ശങ്കരനാരായണ ആവടയമ്മന്‍ കോവില്‍